ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി: പകരം ചുമതല കെ വാസുകിയ്ക്ക്


തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്കാണ് ബിജു പ്രഭാകറിനെ മാറ്റിയത്.

മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ മാറ്റി. ലേബർ കമ്മീഷണറായ കെ വാസുകിയ്ക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. മൈനിങ്, ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്.

ഊർജ്ജ വകുപ്പ് സെക്രട്ടറിയായി സൗരഭ് ജയിനെ നിയമിച്ചു. ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കൂടൽ മാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടെ കമ്മീഷണർ ചുമതലയും നൽകി. കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടർ പദവി കൂടി നൽകിയിട്ടുണ്ട്. പുതിയ ലേബർ കമ്മീഷണറായി നിയമനം നൽകിയിരിക്കുന്നത് അർജ്ജുൻ പാണ്ഡ്യനാണ്.