തിരുവനന്തപുരം: കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ. ‘എന്റെ കുഞ്ഞിനെ കിട്ടി, കേരള പോലീസിന് നന്ദി’, നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൈകൂപ്പി ആ പിതാവ് പറഞ്ഞു. വേറെ എന്തുപറയണമെന്നറിയാതെ ചുറ്റിനും കൂടിയവരോട് അദ്ദേഹം നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. ഏകദേശം 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ലെന്നും ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്നും ഡിസിപി പറഞ്ഞു. മണ്ണന്തല എസ് എച്ച് ഒ ബിജു കുറുപ്പിന്‍റെ നേതൃത്വ ത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനറല്‍ ആശുപത്രിയില്‍ നടന്ന പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളാണോ രണ്ടുപേര്‍ ചേര്‍ന്നാണോ കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസില്‍ അറിയിച്ചത്.