കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബേലൂര്‍ മഖ്ന കൊലപ്പെടുത്തിയ അജീഷിന് കര്‍ണാടക ധനസഹായം നല്‍കിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ആശ്വാസ ധനം നല്‍കുന്നതിനെ പോലും എതിര്‍ക്കുന്നതാണ് ബിജെപിയുടെ സമീപനമെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.
വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട് ജില്ലയിൽ ഇന്നു സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു.ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് വയനാട് സന്ദർശിക്കുമെന്നും സ്ഥിതിഗതികൾ വിലയിരുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭൂപേന്ദ്ര യാദവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചിരുന്നു.
ഇതിനിടെ വന്യജീവികളെ പ്രതിരോധിക്കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിക്ക് കഴിയുമോ എന്ന് ഐസി ബാലകൃഷ്ണന് ചോദിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. വന്യജീവി ആക്രമണത്തില്‍ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ടെന്നും ഒരു കേന്ദ്രമന്ത്രിയെയും ഈ വഴി കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു.