പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ രണ്ട് പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കണം: ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി ‘വാഹൻ’ പോർട്ടൽ മുഖാന്തരം അപേക്ഷ ലഭിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം നമ്പർ അനുവദിക്കാൻ ഉത്തരവ്. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അവ സമയബന്ധിതമായി തന്നെ രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം, വാഹനം ഒരു സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ആ വ്യക്തിയുടെ ആധാർ നമ്പർ, പാൻ നമ്പർ തുടങ്ങിയ വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കാൻ പാടുള്ളതല്ല.
അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമല്ല. നോമിനിയുടെ പേര് ചേർത്താൽ മാത്രമേ ഐഡി പ്രൂഫുകൾ ആവശ്യപ്പെടാവൂ. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാനത്ത് മേൽവിലാസം ഉള്ളവർ ആധാറിന്റെ പകർപ്പിനോടൊപ്പം നിർബന്ധമായും താൽക്കാലിക മേൽവിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ഇതിനുശേഷമാണ് രജിസ്ട്രേഷൻ അനുവദിക്കേണ്ടത്. പുതുക്കിയ മാറ്റങ്ങൾ മാർച്ച് ഒന്ന് മുതൽ പ്രബലത്തിലാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.