ബൈജൂസിൽ നാടകീയ രംഗങ്ങൾ: ജീവനക്കാർക്ക് ബൈജു രവീന്ദ്രന്റെ കത്ത്


ബെംഗളൂരു: പുതിയ നീക്കവുമായി വിദ്യാഭ്യാസ-ടെക് കമ്പനിയായ ബൈജൂസിന്റെ ‘പുറത്താക്കപ്പെട്ട’ സിഇഒ ബൈജു രവീന്ദ്രൻ ബൈജൂസിന്റെ സിഇഒ ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ശനിയാഴ്ച ജീവനക്കാർക്ക് കത്തെഴുതിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഓഹരിയുടമകൾ ബൈജൂസിൽ നിന്നും ബൈജു രവീന്ദ്രനേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പുറത്താക്കാൻ തീരുമാനിച്ചത്. യോഗം ചേർന്ന ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

എന്നാൽ യോഗതീരുമാനം നിയമവിരുദ്ധമാണെന്ന് ബൈജൂസ് വ്യക്തമാക്കി. നമ്മുടെ കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് താൻ നിങ്ങൾക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമവാർത്തകളിൽ നിങ്ങൾ വായിച്ചതിന് വിരുദ്ധമായി താൻ ഇപ്പോഴും കമ്പനിയുടെ സിഇഒയായി തുടരുകയാണ്. ബൈജൂസിന്റെ മാനേജ്മെന്റിലോ ബോർഡിലോ ഒരുമാറ്റവുമില്ലെന്ന് ബൈജു രവീന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഓഹരിയുടമകളുടെ യോഗത്തിലെ തീരുമാനം അസാധുവാണെന്നും അദ്ദേഹം അറിയിച്ചു.

ബൈജൂസ് സിഇഒ സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനേയും കുടുംബാംഗങ്ങളേയും പുറത്താക്കാൻ ഓഹരിയുടമകൾ തീരുമാനിച്ചത് നടത്തിപ്പിലെ പിടിപ്പുകേടും പരാജയവും ആരോപിച്ചാണ്. യോഗത്തിൽ 60 ശതമാനം ഓഹരിയുടമകൾ പങ്കെടുത്തതായും എല്ലാവരും പുറത്താക്കലിനെ അനുകൂലിച്ച് വോട്ടു ചെയ്തതായും യോഗം വിളിച്ച നിക്ഷേപ കമ്പനിയായ പ്രോസസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.