വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്: പ്രധാന നിർദേശങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്‌സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവർത്തകരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പ്രധാന വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ
· ഒരു മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ വാക്‌സിനേഷൻ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്‌സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.
· ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ മേൽനോട്ടം വഹിക്കണം.
· പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്‌സിനേഷനായി നിയോഗിക്കാവൂ.
· പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ നിന്ന് വാക്‌സിൻ പുറത്തെടുത്ത് കാരിയറിൽ വയ്ക്കുമ്പോൾ വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണ തീയതി, വിവിഎം, വാക്‌സിൻ വയൽ എന്നിവ പരിശോധിക്കണം.
· വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ചുറപ്പിക്കണം.
· കുത്തിവയ്പ്പിന് മുമ്പും വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.
· വാക്‌സിനേഷൻ എടുത്ത എല്ലാ കുട്ടികളും ഗർഭിണികളും വാക്‌സിനേഷൻ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തിൽ കഴിയണം.
· സർക്കാർ, സ്വകാര്യ ആശുപത്രികൾ ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പാലിക്കണം.
· അഴുക്ക് പുരണ്ട ചർമ്മമാണെങ്കിൽ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
· മുറിവുള്ള ചർമ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
· കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
· വാക്‌സിനേഷനായി സിറിഞ്ചുകൾ മുൻകൂട്ടി നിറച്ച് വയ്ക്കരുത്.
· വാക്‌സിനേഷൻ സെഷനിൽ അണുബാധ നിയന്ത്രണ പ്രോട്ടോകോൾ കർശനമായി പാലിക്കണം.
· വാക്‌സിന് ശേഷം എഇഎഫ്‌ഐ (Adverse Event Following Immunization) കേസുണ്ടായാൽ മെഡിക്കൽ ഓഫീസർ മുഖേന ജില്ലാ ആർസിഎച്ച് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം.
· ഈ കേസുകൾ ബന്ധപ്പെട്ട JPHN, PHN, PHNS, മെഡിക്കൽ ഓഫീസർ തുടർ നിരീക്ഷണം നടത്തണം. സിവിയർ, സീരിയസ് കേസുകൾ ജില്ലാതല എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്യണം.
· ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റർമാർക്കും സൂപ്പർവൈസർമാർക്കും മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം.