തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി ജയചന്ദ്രന്‍ എണ്‍പതാണ്ടിന്‍റെ നിറവില്‍.1944 മാർച്ച് 3 നാണ് കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജയചന്ദ്രൻ ജനിച്ചത്. കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനാണ് പി ജയചന്ദ്രൻ. കുംഭത്തിലെ തിരുവാതിര നക്ഷത്രത്തില്‍ പിറന്ന ആ കുഞ്ഞ് പിന്നീട് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നു. ഇന്നും നിലയ്ക്കാത്ത നാദധാരയായി നമുക്കൊപ്പമുണ്ട്.
കേരളത്തിലെ ആദ്യ യുവജനോത്സവത്തിന്റെ താരമാണ് പി ജയചന്ദ്രൻ. 1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനായി. ലളിതസംഗീതത്തിൽ രണ്ടാമതും. ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത് സാക്ഷാൽ കെ.ജെ.യേശുദാസും.
1965 ൽ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട മുതൽ ചുടല വരെ’ പാടിയത് വഴിത്തിരിവായി. ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാർ’ സിനിമയിൽ പാടാൻ ക്ഷണം കിട്ടി.’ഒരു മുല്ലപ്പൂമാലയുമായ്… ‘. എ.വിൻസെന്റിന്റെ നിർദ്ദേശപ്രകാരം ജി. ദേവരാജൻ, ‘കളിത്തോഴൻ’ എന്ന ചിത്രത്തിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ‘ എന്ന ഗാനം പാടിച്ചു. അതോടെ ജയചന്ദ്രൻ മലയാളി മനസിൽ കുടിയേറി. ‘അനുരാഗഗാനം പോലെ..’ ‘പിന്നെയും ഇണക്കുയിൽ..’ ‘കരിമുകിൽ കാട്ടിലെ..’ ‘കല്ലോലിനി…,’ ‘ഏകാന്തപഥികൻ ഞാൻ…’ തുടങ്ങി നിരവധി ഹിറ്റുകൾ.
എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പിന്നണിഗാന രംഗത്ത് അത്ര സജീവമായിരുന്നില്ല. പാടിയ പാട്ടുകളൊന്നും ഹിറ്റായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍, നിറം എന്ന സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായതോടെ പി ജയചന്ദ്രൻ മലയാള സിനിമയിലേക്ക് രണ്ടാം വരവ് പ്രഖ്യാപിച്ചു. പിന്നെയും എത്രയോ പാട്ടുകള്‍ അദ്ദേഹം മലയാളികള്‍ക്കായി പാടി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു പി ജയചന്ദ്രൻ എന്ന ഭാവഗായകൻ. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും ജയചന്ദ്രന്റെ പാട്ടിന് ഇന്നും നിറയൗവനം തന്നെയാണ്. തൃശൂർ പൂങ്കുന്നത്താണ് താമസം. ഭാര്യ:ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്.