ഈസ്റ്റര്‍ കാലത്ത് മലയാളികളെ പിഴിയാൻ കേരള ആര്‍ടിസി: ടിക്കറ്റ് നിരക്ക് 40% വരെ ഉയര്‍ത്തും


ഈസ്റ്റര്‍ അവധി വരികയാണ്. ഓരോ അവധി ദിനത്തിലും പുറംനാടുകളിൽ പോയി പടിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ലക്ഷ്യം വെച്ചായിരിക്കും കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തുക. ഈ ഈസ്റ്ററിലും അക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ഈസ്റ്റർ അവധിക്കാലത്ത് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കോര്‍പറേഷന്‍. പതിവ് സര്‍വീസുകളില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മാര്‍ച്ച് 26 മുതല്‍ 29 വരെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും 30 മുതല്‍ ഏപ്രില്‍ 1 വരെ നാട്ടില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വര്‍ഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളില്‍ 30% വരെ അധിക നിരക്കാണ് ഈടാക്കിയിരുന്നത്. ഇതാണു 40% ആക്കി ഉയര്‍ത്തിയത്. സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫ്‌ലെക്‌സി നിരക്കിനു പുറമേ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റു നിരക്കാണു സ്‌പെഷല്‍ ബസുകളില്‍ ഈടാക്കുക.

ബെംഗളൂരുവില്‍ നിന്നു കോഴിക്കോടേക്കുള്ള സ്‌പെഷല്‍ ബസില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബത്തേരി വരെ യാത്ര ചെയ്യുന്നവരും കോഴിക്കോട് വരെയുള്ള നിരക്ക് നല്‍കേണ്ടിവരും. ഇതാണ് എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ്. കെഎസ്ആര്‍ടിസി നിരക്ക് ഉയര്‍ത്തുന്നതോടെ ഇക്കുറിയും കര്‍ണാടക ആര്‍ടിസിക്ക് ചാകരയാകുമെന്നാണ് റിപ്പോര്‍ട്ടകള്‍. ഫ്‌ലെക്‌സി പ്രകാരം നിരക്ക് ഉയര്‍ത്തിയപ്പോള്‍ തിരക്കേറിയ റൂട്ടുകളിലെ എസി സര്‍വീസുകളില്‍ കര്‍ണാടക ആര്‍ടിസിയേക്കാള്‍ കേരള ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക ആര്‍ടിസിയുടെ ബെംഗളൂരു-എറണാകുളം (ഹൊസൂര്‍, സേലം വഴി) അംബാരി ഉത്സവില്‍ 2016 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിലോടുന്ന കേരള ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ എസിയില്‍ 2160 രൂപയാണ് നിരക്ക്. ഇതോടെ കേരള ആര്‍ടിസിയെ ജനം കൈയൊഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.