വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ


കോട്ടയം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. കോട്ടയം ആനിക്കാടുളള ആൾതാമസമില്ലാത്ത വീടാണ് നാലംഗ സംഘം കുത്തിത്തുറന്ന് മോഷണം നടത്തിയത്. തമിഴ്നാട് തേനി സ്വദേശിയായ 49 കാരി പൊന്നമ്മാൾ സെൽവത്തിന്റെ നേതൃത്വത്തിലുള്ള മോഷണ സംഘമാണ് കഴിഞ്ഞ ദിവസം പോലീസിന്റെ വലയിലായത്. ഒപ്പം ഉണ്ടായിരുന്ന 35 കാരി അഞ്ജലി, 22 കരി നാഗ ജ്യോതി, പള്ളി സ്വദേശി 28 കാരി ചിത്ര എന്നിവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. നാല് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

പള്ളിക്കത്തോട് സമീപമുള്ള ആനക്കാട്ടെ വീട്ടിലാണ് മോഷണം നടന്നത്. ആൾതാമസമില്ലെന്ന് ഉറപ്പുവരുത്തിയതോടെ വീട് കുത്തിത്തുറക്കുകയായിരുന്നു. പഴയ കുക്കറും ഓട്ടുവിളക്കും അലുമിനിയം പാത്രങ്ങളും അടക്കം നിരവധി വീട്ടുസാധനങ്ങളാണ് സംഘം മോഷ്ടിച്ചത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സമീപത്തെ സിസിടി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചപ്പോൾ മോഷണത്തിന് പിന്നിൽ തമിഴ്നാട് സ്വദേശികളായ സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെയും പിടികൂടുന്നത്. പിന്നാലെ മോഷണം മുതൽ കണ്ടെടുക്കുകയും ചെയ്തു.