പത്മജയുമായി ഇനി ബന്ധമില്ല, ബിജെപിക്ക് അവരെക്കൊണ്ട് കാല്‍ക്കാശിന്‍റെ ഗുണമില്ല: വികാരാധീനനായി മുരളീധരൻ
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി സഹോദരൻ കെ മുരളീധരൻ എംപി. പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെമുരളീധരന്‍ പറഞ്ഞു. വര്‍ഗീയശക്തിയുടെ കൂടെ പോയതിന് അച്ഛന്‍റെ ആത്മാവ് പൊറുക്കില്ല. പത്മജയെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്‍റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ബിജെപിയിലേക്ക് പോകുമെന്ന് പത്മജ സൂചന പോലും നല്‍കിയില്ല. വര്‍ക് അറ്റ് ഹോമിലുള്ള ആളുകള്‍ക്ക് ഇത്രയും സ്ഥാനംമതിയെന്നും മുരളി പരിഹസിച്ചു. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നത് സഹോദരി ആയാലും ഇനി സന്ധിയില്ല. കെ.കരുണാകരന്‍റെ അന്ത്യവിശ്രമ സ്ഥലത്ത് സംഘികള്‍ നിരങ്ങാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ മുരളീധരൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അടുപ്പമുള്ള നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെയാണ് സഹോദരനും വടകരയിലെ സിറ്റിങ് എംപിയുമായ കെ മുരളീധരൻ മത്സര രംഗത്ത് നിന്ന് പിന്മാറുന്നത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇക്കുറി വടകരയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സഹോദരിയുടെ കൂറുമാറ്റം രാഷ്ട്രീയമായി മണ്ഡലത്തിൽ തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്.