നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടു



വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകള്‍. വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനനും ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭയം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിട്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 85 ഓളം ആണ്‍കുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജാരാകേണ്ടിയിരുന്നത്. എന്നാല്‍ ഭൂരിഭാഗം അധ്യാപകരും പെണ്‍കുട്ടികളും ഹാജരായില്ല. നാല് അധ്യാപകരും വിദ്യാര്‍ത്ഥിനികളും മാത്രമാണ് സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്.

പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്താന്‍ പലകാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന ആരോപണം ഉയര്‍ന്നു. കൂടാതെ കാമ്പസില്‍ നേരത്തെയും സമാനമായ മര്‍ദ്ദനമുറകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ്ങ് നടന്നു. ഇതില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് ഇരയായത്.

ഒരു വിദ്യാര്‍ത്ഥി രണ്ട് ആഴ്ച ക്ലാസില്‍ ഉണ്ടായിരുന്നില്ല. ഈ രണ്ട് ആഴ്ച വിദ്യാര്‍ത്ഥിക്ക് എന്തു സംഭവിച്ചു എന്ന കാര്യം പറയാന്‍ വിദ്യാര്‍ത്ഥി പറയാന്‍ തയാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ടിനൊപ്പം ചില ശുപാര്‍ശകള്‍ കൂടി സ്‌ക്വാഡ് മുന്നോട്ട് വെക്കുന്നുണ്ട്. കാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണം. യൂണിയന്‍ പ്രതിനിധികളെയും ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുമ്പോള്‍ അക്കാഡമിക് നിലവാരം മാനദണ്ഡമാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.