കാണാതായ കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെയെന്ന് പ്രാഥമിക നി​ഗമനം, പോസ്റ്റുമോർട്ടം ഇന്ന്


തൃശൂർ: വെള്ളിക്കുളങ്ങരയിൽ രണ്ടു കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നും വീണെന്ന് പ്രാഥമിക നി​ഗമനം. ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടൻ വീട്ടിൽ സുബ്രന്റെ മകൻ സജി കുട്ടൻ (16), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരുടെ മരണകാരണം മരത്തിൽ നിന്ന് വീണുള്ള അപകടമാകാം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂയെന്നും തൃശൂർ റൂറൽ എസ്പി അറിയിച്ചു. ഇരുവരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം. അരുൺകുമാറിന്റെ മൃതദേഹത്തിന് സജിയുടേതിനേക്കാൾ പഴക്കമുണ്ട്. അപകടം നടന്ന ഉടനെ അരുൺ കുമാർ മരിച്ചതായും പരുക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതായുമാണ് പൊലീസ് കണക്കാക്കുന്നത്.

ഈ മാസം രണ്ടാം തീയതി രാവിലെ 10 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടു വരെ കോളനിക്കാർ സ്വന്തംനിലയിൽ അന്വേഷണം നടത്തി. പിന്നീടാണ് വെള്ളിയാഴ്ച രാവിലെ വെള്ളിക്കുളങ്ങര പൊലീസിൽ പരാതിയുമായി എത്തിയത്. വെള്ളിയാഴ്ച തന്നെ പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും ഫലപ്രദമായില്ല.

തുടർന്ന് ജില്ലാ ഭരണകൂടത്തെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ്, ഫോറസ്റ്റ്, വി.എസ്.എസ് എന്നിവയിലെ 100 ഓളം പേർ എട്ട് സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. പൊലീസിന്റെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.