കണ്ണൂരിൽ ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട് ചായക്കച്ചവടക്കാരൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കണ്ണൂർ: ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട ചായക്കച്ചവടക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് ചായക്കച്ചവടക്കാരൻ ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. ഇരിക്കൂർ സ്വദേശിയായ ഷറഫുദ്ദീൻ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് ഷറഫുദ്ദീൻ വീണത്. പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിലെ ടൈലിനോട് ചേർന്നുള്ള ഇന്റർലോക്ക് പൊട്ടിയിരുന്നു. ഇത് ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നതിനിടെ ഷറഫുദ്ദീൻ കാൽതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറിയതിനാലാണ് ഷറഫുദ്ദീനിന് രക്ഷപ്പെടാൻ സാധിച്ചത്. പ്ലാറ്റ്ഫോമിലേക്ക് കയറിയില്ലായിരുന്നെങ്കിൽ ട്രെയിനിന്റെ സ്റ്റെപ്പ് വരുന്ന ഭാഗം തട്ടുമായിരുന്നു.