കടമെടുപ്പ് പരിധി: ഫലം കാണാതെ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ തല ചർച്ച, കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ


ന്യൂഡൽഹി: കേരളം സമർപ്പിച്ച കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ സാധ്യത. കടമെടുക്കാനുള്ള പരിധി കൂട്ടുന്നതിനായി സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ തല ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായ രണ്ടാം തവണയും ചർച്ച പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ചർച്ച ചെയ്ത വിഷയങ്ങളടക്കം സംസ്ഥാന സർക്കാർ കോടതി മുമ്പാകെ വിശദീകരിക്കുന്നതാണ്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേരളം യോജിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വേണു നേരത്തെ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 19,370 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. മുഴുവൻ തുകയും അനുവദിക്കുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 13,890 കോടി രൂപ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചർച്ചയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.