ദുരന്തമുഖമായി ആഘോഷപ്പന്തൽ! നിയന്ത്രണം വിട്ട ട്രക്ക് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ഇടിച്ചുകയറി, 5 പേർ തൽക്ഷണം മരിച്ചു
ഭോപ്പാൽ: വിവാഹ ഘോഷയാത്രയ്ക്ക് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി വൻ അപകടം. ട്രക്ക് ഇടിച്ച് 5 പേരാണ് മരിച്ചത്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ റെയ്സൻ ജില്ലയിലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്ക് പോകുന്ന സംഘത്തിന് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞടുക്കുകയായിരുന്നു. ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞുനിന്ന വിവാഹപ്പന്തൽ ഇതോടെ ദുരന്തമുഖമായി മാറി.
അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ കളക്ടർ അരവിന്ദ് കുമാർ ദുബെ, പോലീസ് സൂപ്രണ്ട് വികാസ് കുമാർ സെഹവാൾ തുടങ്ങിയവർ സ്ഥലത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തെ തുടർന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് സൂചന. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.