ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ


ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ അകത്ത് കയറിയത്. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ആന റേഷൻ കട ആക്രമിച്ചത്.

മുൻപ് അരിക്കൊമ്പൻ സ്‌ഥിരമായി തകർത്തിരുന്ന സ്ഥലമായിരുന്നു പന്നിയാർ എസ്റ്റേറ്റിലെ ഈ റേഷൻ കട. അന്ന് റേഷൻ കട സ്ഥിരമായി തകർക്കുന്നതിനാല്‍ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷൻ കട പുതുക്കി പണിതത്.

അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാ​ഗത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചക്കക്കൊമ്പൻ ഈ മേഖലയിൽ ഇറങ്ങി വലിയ രീതിലുള്ള അക്രമങ്ങളാണ് നടത്തുന്നത്. റേഷൻ കടയുടെ ചുറ്റും വനം വകുപ്പ് ഫെൻസിങ്ങ് ഇട്ടിരുന്നു. എന്നാൽ ഫെൻസിങ്ങിനോട് ചേർന്ന് നിന്ന കൊടിമരം തകർത്ത് അത് ഫെൻസിങ്ങിൻ്റെ മുകളിലേക്ക് ഇട്ടാണ് ചക്കക്കൊമ്പൻ റേഷൻ കട‌യുടെ അകത്തേയ്ക്ക് കയറിയത്.