കേരളത്തിലെ പ്രമുഖ UDF നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരും, LDF നേതാക്കളും വരുംദിവസങ്ങളില്‍ എത്തുമെന്ന് സുരേന്ദ്രൻ


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ എല്‍.ഡി.എഫ്., യു.ഡി.എഫ്. നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പൗരത്വ നിയമം കേരളത്തിലും നടപ്പാക്കുമെന്നും പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാക്കുകേട്ട് തുള്ളാൻ നിന്നാല്‍ നിങ്ങള്‍ വെള്ളത്തിലാകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

read also: ശിവഗിരി മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സമാധിയായി

കേരളത്തില്‍ എൻ.ഡി.എയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനായി പ്രധാനമന്ത്രി 15-ാം തീയതി പത്തനംതിട്ടയിലെത്തും. ഇതിനുമുന്നോടിയായി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കുറച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടിയില്‍ അംഗത്വമെടുക്കും. വരുംദിവസങ്ങളിലും ഇത് തുടരും. ഇന്ത്യാ മുന്നണി കേരളത്തില്‍ നടപ്പിലാക്കാനാണ് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പി. മൂന്നാംമുന്നണിയായി ഉയർന്നുവരുമെന്ന ഭയംമൂലമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

പൗരത്വ നിയമം ഇന്ത്യൻ പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ല. ആരുടേയും പൗരത്വം എടുത്തുകളയാനല്ല, മറിച്ച്‌ ഇന്ത്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് പൗരത്വനിയമം നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും അത് ഇന്ത്യയില്‍ എല്ലായിടത്തും നിയമംവഴി നടപ്പിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.