മോഷ്ടിച്ച ബൈക്കിലെത്തിയ മലപ്പുറം സ്വദേശി ലിഫ്റ്റ് കൊടുത്തു, പിന്നീട് നടന്നത് കൊടുംക്രൂരത: അനുവിന്റ മരണത്തിൽ നടന്നത്


കോഴിക്കോട്: വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (അംബിക-26) തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായത് നേരത്തേ ബലാത്സം​ഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശി. മോഷ്ടിച്ച ബൈക്കിലെത്തിയ ഇയാൾ അനുവിന് ലിഫ്റ്റ് കൊടുക്കുകയും വഴിയിൽവച്ച് തോട്ടിൽ തള്ളിയിട്ട ശേഷം തല വെള്ളത്തിൽ ചവിട്ടിതാഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപ്പെടുത്തിയതിന് പിന്നാലെ അനുവിന്റെ സ്വർണവും കവർന്ന് ഇയാൾ സ്ഥലംവിട്ടു. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.തിങ്കളാഴ്ചയാണ് വാളൂർ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. ഇരിങ്ങണ്ണൂരിൽനിന്ന് വാഹനത്തിൽ എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനായി മുളിയങ്ങലിലേക്ക് കാൽനടയായാണ് വീട്ടിൽനിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടിൽ അനുവിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടിൽ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിൻറെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കമ്മൽ മാത്രമാണ് ശരീരത്തിൽനിന്ന് ലഭിച്ചത്. സ്വർണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ വസ്ത്രത്തിൻറെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഒരു ബൈക്കിന്റെ പിന്നിൽ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനൽകിയിരുന്നു. സമീപത്തുള്ള സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിൻറെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കിൽ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിൽ ഇയാളെ കണ്ടെത്തിയത്.