2 വയസ് മാത്രമുള്ള കുട്ടിയെ പൊരിവെയിലിൽ കിടത്തി ഭിക്ഷാടനം, തട്ടിക്കൊണ്ടു വന്നതാണോ എന്നും സംശയം: നാടോടിസ്ത്രീ കസ്റ്റഡിയിൽ


തൃശൂർ: പിഞ്ചുകുഞ്ഞിനെ പൊരിവെയിലിൽ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

വെയിൽ കൊണ്ടു കുട്ടി കരയുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. രണ്ടു വയസ് പ്രായം തോന്നിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോയെന്നും സംശയമുണ്ട്.

ഇതര സംസ്ഥാനക്കാരിയായ നാടോടി സ്ത്രീ തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ ഹോമിൽ ഏൽപ്പിച്ചു.