തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ അധിക സെർവറുകൾ ഉടൻ സജ്ജീകരിക്കും. പുതിയ സെർവറിനുള്ള ലൈസൻസ് ഫീസായ 3.54 ലക്ഷം ഉടൻ തന്നെ സംസ്ഥാന സർക്കാർ അനുവദിക്കുന്നതാണ്. ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യുഐഡിഐക്ക് നൽകാനുള്ളതാണ് സർവീസ് ഫീസ്
ഇ-പോസ് കേന്ദ്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ ഡാറ്റയിലെ വിവരങ്ങൾ പരിശോധിക്കുവാൻ സഹായിക്കുന്നതാണ് സെർവർ. നിലവിൽ, ഐടി മിഷന് കീഴിൽ കേരളത്തിലുള്ള സെർവറിന്റെ ശേഷി പരിമിതമാണ്. ഇതിനെ തുടർന്നാണ് പുതിയ സെർവർ സജ്ജീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് സെർവറിന്റെ ശേഷി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ആരംഭിച്ചിരുന്നെങ്കിലും, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അവ പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം, ഇന്ന് മുതൽ റേഷൻ വിതരണം സാധാരണ തോതിൽ പുനരാരംഭിക്കുന്നതാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്.