കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. കേളകത്തെ അടയ്ക്കാത്തോട് മേഖലയിലാണ് ആഴ്ചകൾക്ക് മുൻപ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവയെ ഇന്നലെ വൈകിട്ടോടെയാണ് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. കടുവയുടെ വായിലും ശരീരത്തിലും നിറയെ മുറിവേറ്റിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കുന്നതാണ്.
അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടുന്നത്. രണ്ട് വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്. രണ്ടാഴ്ചയോളം പ്രദേശത്ത് ഭീതി വിതച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വീട്ട് മുറ്റത്തടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. നിരവധിയാളുകൾ താമസിക്കുന്ന മേഖലയാണ് അടയ്ക്കാത്തോട്.