കൊല്ലം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കൊല്ലം ജില്ലാ കലക്ടർ എൻ. ദേവദാസ്. പകർച്ചവ്യാധി പ്രതിരോധത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഏകോപന യോഗത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, ഡെങ്കിപ്പനി പ്രതിരോധത്തിനായി ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ക്യാമ്പയിൻ കൊല്ലം ജില്ലയിലുടനീളം നടത്തിവരുന്നുണ്ട്. മഴക്കാലം എത്തുന്നതിനു മുൻപ് തന്നെ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയശേഷം അവ നശിപ്പിക്കേണ്ടതാണ്.
വീടിനുള്ളിൽ അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികളിലും മറ്റുമുള്ള വെള്ളം, എസി, ഫ്രിഡ്ജ് എന്നിവയിലെ ട്രേയിലെ വെള്ളം, മീൻപിടുത്തത്തിന് ശേഷം നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ കൊതുക് പ്രജനനസ്ഥലങ്ങൾ ജനപങ്കാളിത്തത്തോടെ നശിപ്പിക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ തടയുന്നതിനായി ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, ടാറ്റു ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പുറമേ, തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമസഭകളുടെയും, വാർഡ് ഹെൽത്ത് സാനിറ്റൈസേഷൻ കമ്മിറ്റികളുടെയും സഹകരണം ഉറപ്പുവരുത്തേണ്ടതാണ്.