പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊല്ലാൻ വീട്ടിൽ സ്‌ഫോടക വസ്തുക്കളുമായി അതിക്രമിച്ചു കയറി: ഭർത്താവ് അറസ്റ്റിൽ


അമ്പലപ്പുഴ: ഭർത്താവുമായി അകന്നു കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സ്‌ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ ആളെ ആണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. മാന്നാർ എരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ പ്രമോദിനെ (40) വധശ്രമത്തിന് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പോലീസ് പറഞ്ഞു.

രണ്ട് ആൺമക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതൽ, തോട്ടപ്പള്ളിയിലെ വീടായ മാധവത്തിൽ മാറിത്താമസിക്കുകയായിരുന്നു. 24ന് രാത്രി 8ന് പ്രമോദ് ഇവിടേക്കു സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ ഭാര്യയെയും മക്കളെയും കണ്ടു. രാധുവും മക്കളും ഭയന്ന് വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ ഇയാളുമെത്തി. രാധുവിന്റെ അച്ഛൻ മോഹൻദാസുമായി വാക്കേറ്റമുണ്ടായി.

അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പെട്രോളും ലൈറ്ററുമായി അവർക്കെതിരെ തിരിഞ്ഞു. ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 6 ഗുണ്ടുകൾ, 3 ലീറ്റർ പെട്രോൾ, കത്തി, കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.