കുരവപ്പൂവിൽ നിന്ന് തീ പടർന്നു; കെട്ടുകാഴ്ചയ്ക്കിടെ 40 അടിയോളം ഉയരമുള്ള തേരിന് തീ പിടിച്ചു


പത്തനംതിട്ട: പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിട തേരിന് തീപിടിച്ചു. കുരമ്പാല പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയാണ് തീപിടിത്തം ഉണ്ടായത്. തേരിലെ കുരവപ്പൂവിൽ നിന്ന് തീ പടരുകയായിരുന്നു. ഏകദേശം 40 അടിയോളമാണ് തേരിന്റെ ഉയരം. ഇതിന്റെ മുകൾഭാഗത്തായാണ് തീ പടർന്നിട്ടുള്ളത്. ക്ഷേത്ര വളപ്പിന് മുന്നിൽ നിറയെ ആളുകൾ നിൽക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്.

സംഘാടകരും പ്രദേശവാസികളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായം ഇല്ല. തേരിന് തീ പിടിച്ചയുടൻ നാട്ടുകാർ വിവരം അടൂർ അഗ്നി രക്ഷ നിലയത്തിൽ അറിയിച്ചിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ, തീ അണച്ചെന്നും അപകട സാധ്യത ഇല്ലെന്നും അറിയിപ്പ് ലഭിച്ചതോടെ സേന മടങ്ങുകയായിരുന്നു. കെട്ടുകാഴ്ചയ്ക്കായി തേര് നിർമ്മിച്ചതിൻ്റെ അമ്പതാം വാർഷികം കൂടിയായിരുന്നു ഇത്തവണ.