വീട്ടിലെ ഭക്ഷണവും ബ്ലാങ്കറ്റും ചെരുപ്പും വസ്ത്രങ്ങളും വേണം: ജയിലിൽ വേണ്ട സാധനങ്ങൾക്കായി കോടതിയിൽ കവിത നൽകിയ ലിസ്റ്റ്


ഡല്‍ഹി: ജയിലില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും കിടക്കയും ലഭ്യമാക്കണമെന്ന് ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്) നേതാവ് കെ.കവിത. ആവശ്യവുമായി കവിത കോടതിയെ സമീപിച്ചു. റോസ് അവന്യു കോടതിയില്‍ ആണ് അഭിഭാഷകൻ അപേക്ഷ നൽകിയത്. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കവിതയെ ഡല്‍ഹി കോടതി ഏപ്രില്‍ 9 വരെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിന്നാലെയാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും കിടക്കയും ലഭ്യമാക്കാന്‍ ജയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കവിതയുടെ അപേക്ഷ. തന്റെ കണ്ണടയും ജപമാലയും ജയിലില്‍ എത്തിക്കണമെന്നും ഇവ കൂടാതെ ചെരുപ്പ്, ബെഡ്ഷീറ്റ്, പുസ്തകങ്ങള്‍, ബ്ലാങ്കെറ്റ്, പേന, പേപ്പര്‍ ഷീറ്റുകള്‍, ആഭരണം, മരുന്ന് തുടങ്ങിയ പല സാധനങ്ങളും ജയിലില്‍ അനുവദിക്കണമെന്ന് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അപേക്ഷയില്‍ പറയുന്നുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവിനെ മുന്‍ നിര്‍ത്തിയാണ് കവിത പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ കോടതി ഉത്തരവില്‍ കവിതക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കേണ്ടുന്നതായി പറഞ്ഞിട്ടില്ലെന്നും ജയിലില്‍ ഈ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

അതേസമയം പരാതി പരിഗണിച്ച പ്രത്യേക ജഡ്ജി കാവേരി ബവേജ വ്യാഴാഴ്ച തിഹാര്‍ ജയില്‍ അധികൃതരോട് പ്രതികരണം തേടുകയും കേസ് മാര്‍ച്ച് 30 ന് പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിലവില്‍ തിഹാറിലെ ആറാം നമ്പര്‍ ജയിലില്‍ രണ്ട് വനിതാ തടവുകാര്‍ക്കൊപ്പമാണ് കവിതയെ പാര്‍പ്പിച്ചിട്ടുള്ളത്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തില്‍ മാര്‍ച്ച് 15 ന് വൈകീട്ടാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദായ നികുതി വകുപ്പ് ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ പരിശോധന നടത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇ.ഡിയുടെ അറസ്റ്റ്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളായ കെ. കവിതയുടെ ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ മാര്‍ച്ച് 26 നാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഡല്‍ഹി മദ്യനയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും ഇതില്‍ 100 കോടിയോളം കവിതക്ക് കൈമാറിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കവിതയുടെ അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെയും ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു.