കൊല്ലപ്പെട്ട സിംനയും ഷാഹുലും സുഹൃത്തുക്കള്‍, കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി യുവതിയുടെ സഹോദരന്‍


മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന്‍ ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുല്‍നെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സഹോദരന്‍ പറയുന്നത്.

സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്ന് സഹോദരന്‍ വെളിപ്പെടുത്തി. ആക്രമണത്തിനിടയില്‍ ഷാഹുലിന്റ കൈയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഷാഹുലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സിംനയുടെ പിതാവ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്.