റിയാസ് മൗലവി വധക്കേസ് വിധി, വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്


കാസര്‍കോട്: റിയാസ് മൗലവി വധക്കേസ് വിധിക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ന്യൂസ് ചാനലിന്റെ യൂട്യൂബില്‍ വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്റിടുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തില്‍ സ്പര്‍ദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസുണ്ടാവും. റിയാസ് മൗലവി വധക്കേസ് പ്രതികളായ മൂന്ന് പേരെയും കഴിഞ്ഞ ദിവസമായിരുന്നു കോടതി വെറുതെ വിട്ടത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.