കടലാക്രമണം: തിരുവനന്തപുരത്ത് നാശനഷ്ടം, 200 വീടുകളിൽ വെള്ളംകയറി, 500 വള്ളങ്ങൾക്ക് കേടുപാട്, നിരവധിപ്പേർക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും.
കള്ളക്കടല്‍ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
അതേസമയം, അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളിൽ വെള്ളംകയറി. തീരത്തുണ്ടായിരുന്ന 500-വള്ളങ്ങൾക്ക് കേടുപാടുണ്ടായി. വള്ളങ്ങൾക്കിടയിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.
തീരത്തുണ്ടായിരുന്ന വള്ളങ്ങൾക്കിടയിൽപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്. പൊഴിയൂർ, കൊല്ലങ്കോട്, പൂവാർ, കരിങ്കുളം, പുതിയതുറ, അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുംമുഖം. കഠിനകുളം, അഞ്ചുതെങ്ങ്, പൂത്തുറ, തുമ്പ, പെരുമാതുറ, വർക്കല എന്നിവിടങ്ങളിൽ തീരത്തുണ്ടായിരുന്ന വള്ളങ്ങൾക്കാണ് കേടുപാടുകളുണ്ടായത്.
എൻജിനുകൾ, വലകൾ, മറ്റുപകരണങ്ങളും ഒഴുകിപ്പോയി. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തുമ്പയിൽ 100 മീറ്റർ വരെ തിരമാല അടിച്ചുകയറി. പൂന്തുറ മടുവം സ്വദേശി കൽസൺ പീറ്റർ(46), നടുത്തുറ സ്വദേശിയായ അലക്‌സാണ്ടർ എന്നിവർക്കാണ് പരിക്ക്.