സൂര്യാഘാതം ഒഴിവാക്കാൻ ചെയ്യേണ്ടത്



ചൂട് കൂടിവരികയാണ്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പുമുണ്ട്. ജൂണ്‍ മാസം എത്തുന്നത് വരെ ഇപ്പോള്‍ മലയാളിയുടെ വലിയ പേടിയാണ് ‘സൂര്യാഘാതം’. മാർച്ച്, ഏപ്രിൽ മാസത്തെ ചൂടിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആശങ്കയിലാണ് പലരും. വേനല്‍‌ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയായ സൂര്യാഘാതത്തെ എങ്ങിനെ മെരുക്കാം എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

സൂര്യാഘാതമേല്‍ക്കുന്നവര്‍ ഉടന്‍തന്നെ ചികില്‍സ തേടേണ്ടത്‌ അത്യാവശ്യമാണ്. ഇതുമൂലം, അവയവങ്ങള്‍ക്കോ, ശരീരത്തിനോ തളര്‍ച്ച വരാൻ ഇടയുണ്ട്. പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുക. ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം. നട്ടുച്ച സമയത്തും മറ്റും പുറത്തിറങ്ങുമ്പോള്‍ കുട ചൂടി പോകുന്നതും നന്നായിരിക്കും.

വേനലില്‍ ധാരാളം വെളളം കുടിക്കുന്നത്‌ സൂര്യാഘാതത്തെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും. ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കും. ഇടയ്ക്കിടെ കുളിക്കുന്നത് നല്ലതാണ്. സൂര്യ പ്രകാശം ഏല്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ സണ്‍ സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക. കുട്ടികളെ വെയിൽ അധികമുള്ളപ്പോൾ കളിക്കാൻ വിടരുത്.