പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച തൊണ്ണൂറുകാരി മരിച്ചു


ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് റോഡില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ച വയോധിക മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലെ പൊന്നമ്മ (90) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്. മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു.

പൊന്നമ്മ നിത്യരോഗിയാണ്. ഇത്രയും അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.
പിന്നീട് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായിരുന്നു. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. രണ്ട് മാസത്തെ പെന്‍ഷന്‍ കോണ്‍ഗ്രസും നല്‍കി. ആറ് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു.