തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ട് എന്നതിനുള്ള കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതാവുകയായിരുന്നു ആര്യ എന്ന അധ്യാപികയെ. ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
അന്ധവിശ്വാസം പിന്തുടര്‍ന്ന് ഒടുവില്‍ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതല്‍ തന്നെ ഉണ്ട്. ഇതിനുതക്ക പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാലിത് ഉറപ്പിച്ച് പറയാൻ അന്വേഷണം ഇനിയും മുന്നോട്ട് നീങ്ങേണ്ടി വരാം.