‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന് വി.കെ പ്രശാന്ത്



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയം, എതിർ പാർട്ടിയെയും എതിർ നേതാക്കളെയും വിമർശിച്ച് ഭരണ-പ്രതിപക്ഷ ടീം രംഗത്തുണ്ട്. തങ്ങളുടെ സ്ഥാനാർഥികൾക്കായി രാപകലില്ലാതെ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ, വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന വി.കെ പ്രശാന്തിന്റെ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പിന്തുണച്ച് സൈബർ സഖാക്കളും രംഗത്തുണ്ട്.

അതേസമയം, ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രശാന്ത് നേരത്തെ രംഗത്ത് വന്നിരുന്നു. ഇലക്ട്രിക് ബസുകൾ നഷ്ടത്തിലെങ്കിൽ ആ കണക്ക് മന്ത്രി വ്യക്തമാക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ്. ഇലക്ട്രിക് വാഹനങ്ങൾ ജനങ്ങൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായു മലിനീകരണം കുറഞ്ഞ നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ജനപ്രതിനിധി എന്ന നിലയിൽ ഇലക്ട്രിക് ബസുകൾ അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. പാരലൽ സർവീസുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഇല്ല. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് ബസുകൾ സഹായിക്കുന്നതായും വി കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.