തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടിരൂപ കടമെടുക്കാൻ സർക്കാർ തീരുമാനം. ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തുന്നതിനായാണ് സഹകരണ ബാങ്കുകളിൽ നിന്നും സർക്കാർ കടമെടുക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയാണ് ക്ഷേമപെൻഷനായി സർക്കാർ രൂപവത്കരിച്ച കമ്പനി വായ്പയെടുക്കുക. 9.1 ശതമാനം പലിശനിരക്കിലാണ് 2000 കോടി രൂപ സർക്കാർ കടമെടുക്കുന്നത്.
സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ. വായ്പയായാണ് സംഘങ്ങളിൽനിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെൻഷൻ കമ്പനിയും കരാറുണ്ടാക്കും.
ഫണ്ട് വിനിയോഗവും തിരിച്ചടവും സഹകരണസംഘം രജിസ്ട്രാർ നിരീക്ഷിച്ച് റിപ്പോർട്ട് സർക്കാരിന് നൽകണം. പണം കണ്ടെത്താൻ സഹകരണബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് രജിസ്ട്രാർ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. 12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതൽ കാലാവധിക്കുശേഷം ഒറ്റത്തവണയായും നൽകുന്ന രീതിയിലാണ് ക്രമീകരണം.
ഈവർഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിൽ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം.
ഒന്നരവർഷത്തിനുള്ളിൽ മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സർക്കാർ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകൾക്ക് നൽകാനുണ്ട്. ഒരുവർഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂർത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നൽകി ഒരുവർഷം കൂടി കാലാവധി നീട്ടുകയായിരുന്നു.
കഴിഞ്ഞവർഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെൻഷൻകമ്പനിക്ക് നൽകിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നൽകുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.