ആദ്യ ഭർത്താവിനെ ഒഴിവാക്കി സന്തോഷുമായി പ്രണയത്തിലായി, ബന്ധമറിഞ്ഞപ്പോൾ സന്തോഷിന്റെ ഭാര്യ ഉപേക്ഷിച്ചു: കൊലയ്ക്ക് പിന്നിൽ


പലക്കാട്: പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രിവിയയുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ ആൺസുഹൃത്തും തൃത്താല ആലൂർ സ്വദേശിയുമായ സന്തോഷാണ് പ്രതി. എന്നാൽ, ഇയാൾ ആത്മഹത്യ ചെയ്തു.

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് പറയുന്നു.

നേരത്തെ മറ്റൊരാളെ വിവാഹം ചെയ്ത പ്രിവിയ പിന്നീട് ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷമായി പ്രണയത്തിലായത്. പ്രിവിയയുമായി അടുക്കുമ്പോൾ സന്തോഷും വിവാഹിതനായിരുന്നു. ഭർത്താവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞതോടെ, ഭാര്യ സന്തോഷിനെ ഉപേക്ഷിച്ച് പോയി. കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷും പ്രിവിയയും അടുപ്പത്തിലാകുന്നത്‌. ഭാര്യ പിണങ്ങി പോയതോടെ, പ്രിവിയയെ ജീവിതത്തിലേക്ക് കൂട്ടാമെന്ന് സന്തോഷ് കരുതി. തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പ്രിവിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ പ്രിവിയ ഇതിന് തയ്യാറായില്ല. ഇതിനിടെ മറ്റൊരു ബന്ധം വന്നു. വിവാഹ ആലോചന വന്നപ്പോൾ പ്രിവിയ സന്തോഷുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി.

തന്നെ സ്വീകരിക്കാതെ മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് സന്തോഷിന് പ്രിവിയയോട് പക ആയത്. കൊലപാതകം പ്ലാൻ ചെയ്ത് നടപ്പാക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ആത്മഹത്യയ്‌ക്കും ശ്രമിച്ചു. ചികിത്സയ്‌ക്കിടെയാണ് ഇയാൾ മരിച്ചത്.