ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു: മുസ്ലീം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ മകന് ദാരുണാന്ത്യം


കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്.

അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച്് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതുതന്നെയാണ്. തെരുവുവിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വച്ചതാണ് മരണകാരണമായി പറയുന്നത്.