ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രാഹുല്‍ ഗാന്ധി



 

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ അദാനിക്ക് നല്‍കാനാണെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തിന്റെ എല്ലാ സമ്പത്തും ഒരാള്‍ക്ക് മാത്രം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് സമ്പത്ത് നല്‍കാനാണ്. രാജ്യത്ത് എവിടെ പോയാലും അദാനിയുടെ പേര് മാത്രമേ കാണാന്‍ കഴിയു. അദാനിയുടെ ഓഹരി കുതിച്ചുയരുകയാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി,കിണറ്റിനരികില്‍ ചെരിപ്പ് കണ്ടെത്തിയതോടെ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി

‘ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴില്ലിലായ്മ, വിലക്കയറ്റം എന്നിവ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ദേശീയ മാധ്യമങ്ങളെ നരേന്ദ്ര മോദിയുടെ സഹായികളാണ് നിയന്ത്രിക്കുന്നത്. അസമത്വം ഇല്ലാതാകാന്‍ കോണ്‍ഗ്രസ് വരണം. ലാഭം മുഴുവന്‍ പോകുന്നത് രാജ്യത്തെ അതി സമ്പന്നരിലേക്കാണ്. 25 അതിസമ്പന്നരായ ഇന്ത്യക്കാരുടെ 16 ലക്ഷം കോടി കടം നരേന്ദ്ര മോദി തള്ളി കളഞ്ഞു. രാജ്യത്തെ അസമത്വം ഇന്‍ഡ്യ മുന്നണിയുടെ സര്‍ക്കാര്‍ നേരിടും. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതി നടപ്പാക്കും. തീര്‍ച്ചയായും ലോകം നമ്മുടെ ഈ ആശയം പിന്‍പ്പറ്റും. അങ്കണ്‍വാടി, ആശ വര്‍ക്കര്‍മാരുടെ ശമ്പളം ഇരട്ടിയാക്കും’, രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

‘മോദി സ്ത്രീ സംവരണ ബില്‍ നടപ്പാക്കി എന്ന് പറയുന്നു. പക്ഷേ ഇത് യാഥാര്‍ഥ്യമാക്കാന്‍ പത്ത് വര്‍ഷം വേണമെന്നാണ് പറയുന്നത്. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉടന്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതി നടപ്പാക്കും. അഗ്നിപഥ് പദ്ധതി ഇന്ത്യന്‍ ആര്‍മിക്ക് അപമാനമാണ്. പദ്ധതി കൊണ്ടുവന്നിട്ടുള്ളത് രാജ്യത്തെ കൊള്ളയടിക്കാനാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ലക്ഷം ജോലി ഒഴിവുകള്‍ നികത്തും. കര്‍ഷകരുടെ, സാധാരണക്കാരുടെ മക്കള്‍ക്ക് യാതൊരു അവസരവും രാജ്യത്തില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.