തിരുവനന്തപുരത്ത് ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്: 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം: ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.