കരുവന്നൂർ കേസ്: നാലാം വട്ടം ഇ ഡിയ്ക്ക് മുന്നിൽ ഹാജരാവാൻ സിപിഎം നേതാവ് പി കെ ബിജു, എ സി മൊയ്തീനെയും ചോദ്യം ചെയ്‌തേക്കും


കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവും മുൻ എംപിയുമായ പി കെ ബിജു ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ ബിജു, തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എന്നിവരാണ് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകുന്നത്. നേരത്തെ മൂന്ന് വട്ടം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ബിജു ഇഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ഏപ്രിൽ നാലിനും എട്ടിനും പതിനൊന്നിനുമായിരുന്നു നേരത്തെ പി കെ ബിജുവിനെ ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് പണമിടപാട് ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ശേഷം ഇ ഡി വ്യക്തമാക്കിയിരുന്നത്.

കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി 78 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ ആക്ഷേപം. ഇതിനൊപ്പം ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകള്‍ ഉള്‍പ്പടെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്മേലും ഇഡി സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യും. സിപിഐഎമ്മിൻ്റെ ഇതര അക്കൗണ്ട് വിവരങ്ങളും ഇഡി ചോദിച്ചേക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെയും വൈകാതെ ചോദ്യം ചെയ്‌തേക്കും.

നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു.

അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ഏപ്രിൽ രണ്ടിന് പിൻവലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പിൻവലിച്ച തുക ചെലവഴിക്കരുത് എന്ന നിർദ്ദേശവും ആദായ നികുതി വകുപ്പ് നൽകിയിരുന്നില്ല. ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇ ഡി വാദം.