കുടുംബശ്രീയുടെ ഫണ്ട് തിരിമറി, വീട്ടമ്മയുടെ ആത്മഹത്യ: പ്രേരണാകുറ്റത്തിന് അംഗനവാടി ജീവനക്കാരി അറസ്റ്റിൽ
തൃശൂര്‍: തൃശൂരിൽ വീട്ടമ്മ ജീവനൊടുക്കിയതിന് പ്രേരണകുറ്റം ചുമത്തി അംഗനവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിലാണ് അറസ്റ്റ്. കേസിൽ പഴയന്നൂർ കുമ്പളക്കോട് ചാത്തൻകുളങ്ങര ആർ രഹിത (56) ആണ് അറസ്റ്റിലായത്.
ഏതാനും മാസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ച് വാണിയംകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനിത ലാൽ മരിക്കുന്നത്. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാര്‍ പോലും അറിയാതെ ഫണ്ടുകള്‍ തിരിമറി നടത്തിയതായി കണ്ടെത്തി. അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി തള്ളി. തുടര്‍ന്ന് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.