എന്റെ സഹോദരൻ മുട്ടുവേദന പോലും മറന്ന് രാജ്യത്തെ ഒരുമിപ്പിക്കാൻ നടക്കുന്നു, വാരാണസിയിൽ അവരുടെ എംപിയെ കാണാൻ കിട്ടാറില്ല
മലപ്പുറം: സ്വന്തം മണ്ഡലമായ വാരാണസിയിൽ സാധാരണക്കാരന്റെ വീട്ടിൽ നരേന്ദ്രമോദി പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിലെ ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവരുടെ എംപിയെ കാണാൻ കിട്ടാറില്ലെന്നും ഉദ്ഘാടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മോദി മണ്ഡലത്തിൽ എത്തുകയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ മോദിയെ പോലെയല്ല രാഹുൽ വയനാട്ടിൽ എന്ത് പ്രശ്നമുണ്ടായാലും അവിടെ നേരിട്ടെത്തി ജനങ്ങളുടെ വീട്ടിൽ ചെന്ന് പ്രശ്ന പരിഹാരം നടത്തുന്ന നേതാവാണ് രാഹുലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.കഴിഞ്ഞ പത്ത് വർഷമായി ബിജെപി ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ തന്റെ സഹോദരൻ മുട്ടുകാൽ വേദന പോലും മറന്ന് രാജ്യത്തെ ഒരുമിപ്പിക്കാൻ ശ്രമിക്കുകയാണ്. ബിജെപിയെ എതിർക്കുന്നതിനു പകരം കേരള മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കേരളം സാക്ഷരതയിൽ മുന്നിലായിട്ടും തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്. കോൺഗ്രസ് ഭരണത്തിൽ ഇരുന്നപ്പോൾ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുളളതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.