തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് സൂചന: കൂടുതൽ വിവരങ്ങൾ പുറത്ത്


തൃശൂര്‍: രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്.

അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്ന് കണ്ടെത്തിയത്. അരവിന്ദാക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്.

കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരുന്നു അരവിന്ദാക്ഷനും ആന്‍റണിയും. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ഇതുവരെയും മരിച്ച നിലയില്‍ അദ്യം കണ്ടത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പരിശോധനകള്‍ നടത്തുകയാണ്.

അതേസമയം, ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദാക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.