ചെന്നൈയിൽ മലയാളി സിദ്ധവൈദ്യനെയും ഭാര്യയെയും കൊലപ്പെടുത്തി, ആക്രമിച്ച് കവർന്നത് നൂറുപവൻ: അന്വേഷണം ആരംഭിച്ചു
ചെന്നൈ: മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.
വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം പുലർച്ചെ ഒരു മണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ആവടി പൊലീസ് പറഞ്ഞു.