‘കണ്ണൂരില്‍ ബോംബ് പൊട്ടി വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ? വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍


കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്ണൂരില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ തുറക്കരുത് എന്ന് സര്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരില്‍ ബോംബ് ഉപയോഗിക്കുന്നു. ക്രിമിനലുകള്‍ എങ്ങനെ രക്തസാക്ഷികള്‍ ആകും? ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഉണ്ടോ? തീവ്രവാദികള്‍ പോലും ഇങ്ങനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആയുധം താഴെ വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.