സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, തീവ്ര ഇടിമിന്നലും ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Read Also: ട്രോളിബാഗിൽ ‘തായ് ഗോൾഡ്’ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് നടത്തുന്ന സംഘം പിടിയിൽ

നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മറ്റന്നാളും ഓറഞ്ച് മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.