നെടുങ്കണ്ടം: കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സിപിഐ ഓഫീസ് തുറന്നു. ഇടുക്കി കൂട്ടാറിലാണ് സംഭവം. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് സി.പി.ഐ കൂട്ടാർ ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പുറമ്പോക്ക് കൈയേറിയാണ് കെട്ടിടം നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.
എസ്.എൻ.ഡി.പി കൂട്ടാർ ശാഖായോഗം പത്തുവർഷം മുമ്പാണ് ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിലെ കൂട്ടാറിൽ സർവ്വേ നമ്പർ 67/1-ൽപ്പെട്ട ഭൂമിയിൽ ഈ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ പിൻഭാഗം തോട് പുറമ്പോക്കും മുൻഭാഗം റോഡ് പുറമ്പോക്കുമാണ്. കൈയേറ്റമെന്ന് കണ്ടെത്തി അന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതിനെത്തുടർന്ന് യോഗം ഭാരവാഹികൾ നിർമാണ പ്രവൃത്തികളിൽനിന്നു പിന്മാറിയിരുന്നു. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് ജൂൺ 12-ന് സി.പി.ഐ കൂട്ടാർ ലോക്കൽ കമ്മിറ്റി കെട്ടിടത്തിൽ ഓഫീസ് പണി ആരംഭിച്ചത്.
കെട്ടിടത്തിൽ ഇഷ്ടിക കെട്ടി മുറിതിരിച്ചതിനെത്തുടർന്ന് 14-ന് കരുണാപുരം വില്ലേജ് ഓഫീസർ വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ച് നിർമാണം പൂർത്തിയാക്കി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ ഉടുമ്പൻചോല എൽ.ആർ. തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അടുത്തദിവസം തന്നെ പാർട്ടി ഓഫീസ് ഒഴിപ്പിക്കുവാനാണ് റവന്യൂ സംഘത്തിന്റെ നീക്കം. എന്നാൽ വാടകയ്ക്ക് എടുത്ത മുറിയിലാണ് തങ്ങൾ ഓഫീസ് തുടങ്ങിയതെന്നും കൈയ്യേറ്റഭൂമിയാണെന്ന് അറിയില്ലെന്നും പാർട്ടി നിർമാണം നടത്തിയിട്ടില്ലെന്നുമാണ് സി.പി.ഐ കൂട്ടാർ ലോക്കൽ സെക്രട്ടറി കെ.ജി. ഓമനക്കുട്ടനും സി.പി.ഐ. ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി എം.പി. കരുണാകരനും പറയുന്നത്.
2019-ൽ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ കിട്ടിയിരുന്നുവെന്നും അതിനുശേഷം നാളിതുവരെ കെട്ടിടത്തിൽ യാതൊരു നിർമാണ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും എസ്.എൻ.ഡി.പി.യോഗം കൂട്ടാർ ശാഖ പ്രസിഡന്റ് ജിജിമോൻ പറഞ്ഞു. ഇപ്പോൾ നിർമാണം നടത്തിയത് രണ്ട് മാസം മുമ്പ് മുറി വാടകയ്ക്ക് എടുത്ത സി.പി.ഐ. ലോക്കൽ കമ്മിറ്റി ആണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈയ്യേറ്റങ്ങൾക്കെതിരേ മുഖംനോക്കാതെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി ആവർത്തിക്കുമ്പോഴാണ് കൈയ്യേറ്റഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് തുടങ്ങിയിട്ടുള്ളത്.