വയനാടിനെ വിറപ്പിച്ചത് 10 വയസുള്ള ആൺകടുവ ഒടുവിൽ കൂട്ടിലായി: അവശനിലയിലുള്ള കടുവയുടെ പല്ല് കൊഴിഞ്ഞ നിലയിൽ
കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്നലെ പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. രാത്രി ഒൻപത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു.
കടുവയുള്ളിടത്ത് പശുവിൻ്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. വയനാട് തോൽപെട്ടി 17 എന്ന വനംവകുപ്പിൻ്റെ ഡാറ്റബേസിൽ ഉൾപ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്. കടുവയ്ക്ക് അവശതകൾ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.കടുവയുടെ മുൻവശത്തെ പല്ല് കൊഴിഞ്ഞ നിലയിലാണ്.
വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണ് ഇന്നലെ രാത്രി കൂട്ടിലായത്. മയക്ക് വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുൻപേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതി ഒഴിഞ്ഞു. സുൽത്താൻബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്. വെറ്റിനറി സംഘത്തിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കടുവയെ മറ്റെവിടേക്കെങ്കിലും മാറ്റുന്ന കാര്യം തീരുമാനിക്കുക.