ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചത് വീട്ടിൽ പറഞ്ഞതോടെ പക: വിദ്യാർത്ഥിനിയുടെ കണ്ണില്‍ കുത്തി ആക്രമിച്ച് യുവാവ്


കോഴിക്കോട്: സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു. സംഭവത്തിൽ കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനാണ് പരിക്കേറ്റത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒരു അശ്ലീല സന്ദേശം അയയ്ക്കുകയും വിദ്യാര്‍ത്ഥിനി അത് പ്രതിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു.

ഇതിന് പ്രതികാരമായാണ് പൊയില്‍ക്കടവ് ഗ്രൗണ്ടിന് സമീപത്തുവച്ച് പ്രതി പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇയാള്‍ യുവതിയെ അശ്ലീലം പറയുകയും പെണ്‍കുട്ടിയുടെ കണ്ണില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.