അപകടം നടന്നതിന് ശേഷം അര്‍ജുന്‍ ഓടിച്ച ലോറി സ്റ്റാര്‍ട്ട് ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്: ലോറിയുടമ മനാഫ്
കാര്‍വാര്‍: ഷിരൂര്‍ കുന്നിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ ലോറി പിറ്റേ ദിവസം എന്‍ജിന്‍ സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്. ‘ലോറിയുടെ എന്‍ജിന്‍ പിറ്റേദിവസം സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തി എന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. പിന്നീട് അത് പലരും ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു. അത്തരം ഒരു കണ്ടെത്തല്‍ ഒരു അന്വേഷണ ഏജന്‍സിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതര്‍ അങ്ങനെ പറഞ്ഞോ എന്നറിയില്ല’- മനാഫ് പറഞ്ഞു.
ദേശീയപാതയിലെ മണ്ണ് മുഴുവന്‍ നീക്കിയിട്ടും ലോറി കണ്ടെത്താത്ത സ്ഥിതിക്ക് അത് പുഴയില്‍ വീണതാണെങ്കില്‍ എങ്ങനെ പിറ്റേദിവസം എന്‍ജിന്‍ സ്റ്റാര്‍ട്ട് ആയി എന്ന സംശയം സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു മനാഫ്. കെഎ 15എ 7427 കര്‍ണാടക റജിസ്‌ട്രേഷനില്‍ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുബീന്റെയും സഹോദരന്‍ മനാഫിന്റെയും ഉടമസ്ഥതയിലുള്ളതാണ് സാഗര്‍ കോയ ടിംബേര്‍സ് എന്ന പേരിലുള്ള ഈ ലോറി. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് ഭാരത് ബെന്‍സ് കമ്പനിയുടെ എയര്‍ കണ്ടീഷന്‍ഡ് ഡ്രൈവിങ് കാബിനുള്ള ലോറി.
ഒരു ഭാഗത്ത് വലിയ കുന്നിനും മറുഭാഗത്ത് ഗംഗാവലി പുഴയ്ക്കും ഇടയിലൂടെയാണ് ഷിരൂരില്‍ ദേശീയപാത കടന്നുപോകുന്നത്. അര്‍ജുന്‍ സ്ഥിരം സഞ്ചരിക്കുന്ന റൂട്ടാണിത്. ഇവിടെ കുന്നിന്റെ ഭാഗത്തുണ്ടായിരുന്ന ഒഴിഞ്ഞ സ്ഥലത്താണു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളത്. അര്‍ജുന്റെ ലോറിയും ഇവിടെയായിരിക്കാം പാര്‍ക്ക് ചെയ്തിരുന്നത് എന്നാണു കരുതുന്നത്. പുഴയില്‍ വീണതാണെങ്കില്‍ എന്‍ജിന്‍ ഓണ്‍ ആകുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ല. അതേസമയം പിറ്റേദിവസം അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തു എന്നും കുടുംബം പറഞ്ഞിരുന്നെങ്കിലും പുഴയില്‍ വീണതാണെങ്കില്‍ അതിനും സാധ്യത കുറവാണ്.