ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ
ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല.
അതേ സമയം, മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്ജുന്. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡില്‍ മണ്ണിനടിയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ സമീപത്തെ ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. നിലവില്‍ രക്ഷാദൗത്യം സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തല്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് അടിയൊഴുക്ക് കാരണം വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.