വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍



കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

Read Also: മുണ്ടക്കൈ എല്‍പി സ്‌കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി

അതേസമയം, മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനവും തുടരുകയാണ്. ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വനാതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ തിരച്ചിലിനായി വനം വകുപ്പ് കൂടുതല്‍ പേരെ വിന്യസിച്ചു. തമിഴ്‌നാട് അഗ്‌നി, രക്ഷാ വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരല്‍മല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്.